User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

വിഭക്തി

നാമവും സർവ്വനാമവും മറ്റു പദങ്ങളുമായി ഘടിപ്പിക്കുന്നതിന് അതോടൊപ്പം ചേർക്കുന്ന ചില പ്രത്യയങ്ങളെ, അല്ലെങ്കിൽ അതിൽ ചെയ്യുന്ന രൂപഭേദത്തിനെയാണു വിഭക്തി എന്നു വിവക്ഷിക്കുന്നത്. നാമങ്ങൾതമ്മിലും നാമങ്ങൾക്കു ക്രിയയോടുമുള്ള സംബന്ധം കാട്ടുകയാണ് വിഭക്തിയുടെ ധർമ്മം.

പണ്ട് എട്ടു തരം വിഭക്തികൾ ഉണ്ടെന്നായിരുന്നു വൈയാകരണന്മാർ പറഞ്ഞിരുന്നത്. എന്നാൽ കേരളപാണിനീയമതപ്രകാരം ഏഴു തരം വിഭക്തികളാണ് ഭാഷയിലുള്ളത്. സംസ്കൃതത്തിൽ ഓരോന്നിനും മുമ്മൂന്നു വചനം (ഏകവചനം, ദ്വിവചനം, ബഹുവചനം) മൊത്തം 21 പ്രത്യയങ്ങൾ നിലവിലുണ്ട്. ഭാഷയിൽ ഏകവചനവും ബഹുവചനവും മാത്രമേയുള്ളൂ. രണ്ടിനുംകൂടി വിഭക്തി ഒന്നേയുള്ളൂ. ഓരോ വിഭക്തിക്കും സംസ്കൃതത്തിൽ അനേകം അർത്ഥങ്ങളുണ്ട്. അതിൽ ഏതാനും അർത്ഥങ്ങൾ മാത്രമേ ഭാഷയിലുള്ളൂ.

7 വിഭക്തികളാണു നമ്മുടെ ഭാഷയിലുള്ളത്.

വിഭക്തികൾ[മൂലരൂപം തിരുത്തുക]

ഏഴു വിധം വിഭക്തികളാണ്‌ മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.

 • നിർദ്ദേശിക (Nominative)

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത
 • പ്രതിഗ്രാഹിക (Accusative)

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.

കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

 • സംയോജിക (Sociative)

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്
 • ഉദ്ദേശിക (Dative)

നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം: രാമന്, രാധക്ക്
 • പ്രയോജിക (Instrumental)

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ
 • സംബന്ധിക (Genitive / Possessive)

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം രാമന്റെ, രാധയുടെ
 • ആധാരിക (Locative)

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം രാമനിൽ, രാമങ്കൽ, രാധയിൽ
 • സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി(Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു. ഉദാഹരണങ്ങൾ:

നിർദ്ദേശിക സംബോധിക
അമ്മ അമ്മേ!
അച്ഛൻ അച്ഛാ!
രാമൻ രാമാ!
സീത സീതേ!
കുമാരി കുമാരീ!
മകൻ മകനേ!
 • മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ്‌ നിർമ്മിക്കുന്നത്.

ഉദാ: മരത്തിൽനിന്ന്

ഇതോർത്തിരിക്കാൻ കേരളപാണിനിതന്നെ ഒരു സൂത്രം ഉണ്ടാക്കിയിട്ടുണ്ട്:
തന്മ നിർദ്ദേശികാ കർത്താ,
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി ;
സ്വാമി ഉദ്ദേശികാ ക്കു, വ് (ഇതിലെ സംവൃതോകാരം അതായതു ചന്ദ്രക്കല)
ആൽ പ്രയോജികയാം ഹേതു;
ഉടെ സംബന്ധികാ സ്വതാ;
ആധാരികാധികരണം
ഇൽ, കൽ പ്രത്യയമായവ.

ഓരോരോ വിഭക്തികളും അതാതിന്റെ പ്രത്യയങ്ങളും പദ്യരൂപത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ഇതു നന്നായി മനസ്സിലാക്കണമെങ്കിൽ കാരകംകൂടി അറിഞ്ഞിരിക്കണം. നാമങ്ങൾ ക്രിയകളോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന പദങ്ങളാണ് കാരകങ്ങൾ. ഒരു ക്രിയ ഉണ്ടാകുന്നതിനു സഹായകരമായി വർത്തിക്കുന്ന എല്ലാ നാമപദങ്ങളും അതിന്റെ കാരകങ്ങളാണ്. ക്രിയയയുടെ അർത്ഥപൂർത്തിക്ക് ആവശ്യമായിവരുന്ന എല്ലാ നാമപദങ്ങളും അതിന്റെ കാരകങ്ങളാണ്. വാക്യത്തിലെ മറ്റുള്ള പദങ്ങളോടു നാമപദങ്ങളുടെ ബന്ധം സൂചിപ്പിക്കാൻ അവയോടു ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തി. എന്നാൽ നാമം എപ്രകാരം ക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നതാണു കാരകം.

വിഭക്തി – കാരകങ്ങൾ

1. കർത്തൃകാരകം : നിർദ്ദേശിക എന്ന വിഭക്തിയിൽ ഒരു നാമത്തെ നിർദ്ദേശിക്കുക എന്നതുമാത്രമാണ് ഉദ്ദേശ്യം. അതു കർത്താവിനെ ആണെങ്കിൽ കർത്തൃകാരകം. ഉദാ: രാജു ഉറങ്ങുന്നു, അമ്മ അലക്കുന്നു, കുട്ടി പഠിക്കുന്നു, കൃഷ്ണൻ കടയിൽ പോകുന്നു – ഇതിലൊക്കെ പേരിനോടൊപ്പം ഒരു പ്രത്യയവും ചേർത്തിട്ടില്ല. അതുകൊണ്ടാണു തന്മ എന്നു പറഞ്ഞിരിക്കുന്നത്. അതായതു ശബ്ദസ്വരൂപംതന്നെ വിഭക്തി അഥവാ വിഭക്തിപ്രത്യയത്തിന്റെ ആവശ്യമില്ല. ഇവിടെയൊക്കെ ക്രിയ നടത്തുന്നയാൾ ആരാണോ അതാണു കർത്തൃകാരകം.


2. കർമ്മകാരകം : കർമ്മത്തെക്കുറിക്കുന്ന വിഭക്തിയാണ് പ്രതിഗ്രാഹിക. അതിനുപയോഗിക്കുന്ന പ്രത്യയം എ. ഉദാ: രാജു മുരുകനെ തോണ്ടി, അവൾ എന്നെ പിടിച്ചു, വേലക്കാരൻ പശുവിനെ അഴിച്ചു, അമ്മ മകളെ വിളിച്ചു – ഇതിലൊക്കെ കർമ്മത്തിന്റെ അവസാനം എ എന്ന പ്രത്യയം ചേർത്തിരിക്കുന്നതു ശ്രദ്ധിക്കൂ. ഇവിടയൊക്കെ ക്രിയയുടെ കർമ്മത്തിന്റെ സ്ഥാനം സ്വീകരിച്ചു് ക്രിയയോടു ബന്ധപ്പെട്ടിരിക്കുന്ന പദങ്ങളെ കർമ്മകാരകം എന്നു പറയുന്നു. എന്നാൽ മേയനാമമാണ് കർമ്മമായി വരുന്നതെങ്കിൽ എ പ്രത്യയം ചേർക്കേണ്ട ആവശ്യമില്ല. ഉദാ: അയാൾ നോവൽ എഴുതി (നോവലിനെ എഴുതി എന്നു വേണ്ടാ) ഞാൻ പുസ്തകം വായിച്ചു (പുസ്തകത്തിനെ എന്നു വേണ്ടാ) അച്ഛൻ കസേര എടുത്തു (കസേരയെ എന്നു വേണ്ടാ)


3. സാക്ഷികാരകം : കർത്താവിന് എതിരായി നില്ക്കുന്നതാണു സാക്ഷികാരകം. സാക്ഷിയെക്കുറിക്കുന്ന വിഭക്തിയാണ് സംയോജിക. സംയോജിപ്പിക്കുക അഥവാ കൂട്ടിച്ചേർക്കുക എന്ന ധർമ്മമാണ് ഇതിനുള്ളത്. ഉദാ: ഭിക്ഷക്കാർ ആളുകളോടു യാചിക്കുന്നു, ബ്രഹ്മപുത്ര ഗംഗയോടു ചേരുന്നു, ഭക്തന്മാർ ഈശ്വരനോടു പ്രാർത്ഥിക്കുന്നു, ഭടന്മാർ ഭീകരന്മാരോടു പൊരുതുന്നു, അദ്ധ്യാപകൻ കുട്ടികളോടു ചോദിക്കുന്നു – ഇതൊക്കെ ഈ വിഭക്തിയിൽ വരുന്ന പ്രയോഗങ്ങൾ. ഇതു സാക്ഷികാരകം. ധാതുവിനോടു തൊട്ടുനില്ക്കുക/ചേർന്നുനില്ക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് പത്തിനെ തൊട്ടുനില്ക്കുന്നതെന്നുള്ള അർത്ഥത്തിൽ തൊൻപതു് – ഒമ്പത്, നൂറിനെ തൊട്ടുനില്ക്കുന്ന തൊണ്ണൂറ്, ആയിരത്തിനെ തൊട്ടുനില്ക്കുന്ന തൊള്ളായിരം എന്നൊക്കെയുള്ള രൂപങ്ങൾ വന്നത്. തൊട്ട് പിന്നീട് തൊട് എന്നായി. അതു ഒട് എന്നു മാറി കാലാന്തരത്തിൽ ദീർഗ്ഘിച്ച് ഓട് എന്നായി മാറി. ഒട് എന്ന പ്രത്യയം കവിതയിൽമാത്രമേ ഇപ്പോഴുള്ളൂ.


4. സ്വാമികാരകം : സ്വാമികാരകമാണ് ഉദ്ദേശിക എന്ന വിഭക്തിയിലുള്ളത്. കർത്താവു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ആർക്കാണ് ഉതകുന്നത് അതാണു സ്വാമികാരകം. ഇതിനു ക്ക് എന്നോ അതു ലോപിച്ച സംവൃതോകാരമോ ഉപയോഗിക്കും. ഉദാ: എനിക്ക് എന്തെങ്കിലും കഴിക്കാൻ വേണം, അവൾക്ക് ഉറങ്ങണം, അവന് എവിടയോ പോകണം, അച്ഛന് എപ്പോഴും മുറുക്കാൻ വേണം. ഇതിനു കാരകത്തിനു പുറമെ കാലം, ദേശം, സംഖ്യ, ദിക്ക് ഇതൊക്കെ നിജപ്പെടുത്തുക, ഒന്നിനുവേണ്ടി എന്നുള്ള അർത്ഥം ദ്യോതിപ്പിക്കുക, ഇന്ന കാലം ഇന്ന ദേശം എന്നൊക്കെ വ്യവസ്ഥപ്പെടുത്തുക എന്നീ ധർമ്മങ്ങളുമുണ്ട്. കടലിന് ആഴമുണ്ട്, വീടിനു ഭംഗിയുണ്ട്, കാടിനു തീപിടിച്ചു, സമയത്തിനു വിലയുണ്ട്, വണ്ടിക്കു വേഗമുണ്ട് – ഇതിലൊക്കെ കർമ്മമില്ല. എന്നാൽ സ്വാമികാരകമാണ് ഇതിലുള്ളത്.


5. കരണകാരകം : പ്രയോജികയ്ക്കു ഹേതു എന്ന കാരകം അർത്ഥം. ഇതിനു നിർദ്ധാരണം അഥവാ ഒരുകൂട്ടത്തിൽനിന്നു വേർതിരിക്കൽ എന്ന ധർമ്മമാണുള്ളത്. ഒരു ക്രിയ നടത്തുവാൻ കർത്താവിനെ സഹായിക്കുന്ന ഉപകരണമാണു കരണകാരകം. ആൽ എന്ന പ്രത്യയമാണ് ഇതിനോട് ചേർക്കുന്നത്. ഉദാ: കുട്ടിയെ വടിയാൽ അടിച്ചു, ശത്രുവിനെ തന്ത്രത്താൽ കീഴടക്കി, മരുന്നിനാൽ രോഗം ശമിച്ചു. ഇതിലൊക്കെ വടി, തന്ത്രം, മരുന്ന് ഇതൊക്കെ കരണകാരകം. കൊണ്ട് എന്ന ദ്യോതകംകൊണ്ടും കരണകാരകം സൃഷ്ടിക്കാം. വടികൊണ്ട് അടിച്ചു, തന്ത്രംകൊണ്ട് കീഴടക്കി, മരുന്നുകൊണ്ട് രോഗം ശമിച്ചു – ഇങ്ങനെ. (ആധാരികയും ഈ ധർമ്മം നിറവേറ്റുന്നുണ്ട്)

6. കാരണകാരകം : ക്രിയ നടത്തുന്നതിനുള്ള കാരണം ആണ് കാരണകാരകം. ഇതിനു ചേർക്കുന്ന പ്രത്യയവും ആൽ തന്നെ. ഉദാ: വിജയോന്മാദത്താൽ അവൻ മോഹാലസ്യപ്പെട്ടു, ദുഃഖഭാരത്താൽ അവൾ കരഞ്ഞു, പീഡനത്താൽ അവൾ അവശയായി ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങളാണ്.


7. അധികരണകാരകം : ആധാരികയ്ക്ക് അധികരണം എന്ന കാരകം അർത്ഥം. ക്രിയയ്‌ക്ക്‌ ആധാരമായി ലഭിക്കുന്ന കാരകമാണ് അധികരണം. അല്പം അർത്ഥഭേദമുള്ള ഇൽ, കൽ എന്നീ പ്രത്യയങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഉദാ : മാവിൽ മാമ്പഴമില്ല, മുടിയിൽ എണ്ണയുണ്ട്, താടിയിൽ നരയുണ്ട്, പടിക്കൽ നില്ക്കുന്നു, വാതിൽക്കൽ ചെന്നു, കടയ്ക്കൽ കത്തിവച്ചു – ഇതൊക്കെ ഇങ്ങനെയുള്ള രൂപങ്ങളാണ്. ഏകവചനത്തിൽ മാത്രമേ കൽ പ്രത്യയം വരൂ. അൻ എന്ന പ്രത്യയത്തിൽ അവസാനിക്കാത്ത സചേതനനാമങ്ങളോട് ഇൻ എന്ന ഇടനില (പ്രകൃതിക്കും പ്രത്യയത്തിനും ഇടയ്ക്കു രൂപഭംഗിക്കുവവേണ്ടി ചേർക്കാറുള്ള പ്രത്യയമാണ് ഇടനില) ചേർത്തിട്ടാണ് കൽ ചേർക്കേണ്ടത്. ശാന്ത+ഇൻ+കൽ=ശാന്തയിങ്കൽ, മുരളി+ഇൻ+കൽ=മുരളിയിങ്കൽ, പത്മജ+ഇൻ+കൽ=പത്മജയിങ്കൽ,
കാലത്തെപ്പറ്റിപ്പറയുമ്പോഴും ദേശത്തെപ്പറ്റിപ്പറയുമ്പോഴും ആധാരികാവിഭക്തിയിൽ അത്തു എന്ന പ്രത്യയമാണ് ചേർക്കേണ്ടത്.
അം എന്നവസാനിക്കുന്ന ദേശനാമങ്ങൾക്ക് – കോട്ടയത്ത്, തിരുവനന്തപുരത്ത്, കൊല്ലത്ത്, പത്തനാപുരത്ത്, മലപ്പുറത്ത്, പള്ളിപ്പുറത്ത് എന്നിങ്ങനെ വരും.
അക്കാലത്ത്, ഇക്കാലത്തു, വരുംകാലത്ത്, പോയകാലത്ത്, മഴയത്ത്, കാറ്റത്ത് വെയിലത്ത് എന്നൊക്കെ കാലത്തെക്കുറിക്കുമ്പോഴും വരും.


8. സംബന്ധികയ്ക്കു സ്വതാ അതായത് സ്വത്വം (ഉടമ) എന്ന അർത്ഥം. ഇതിന്റെ പ്രത്യയം ഉടെ എന്നാണ്. എന്റെ പേന, അവന്റെ പുസ്തകം, നിന്റെ വീട്, ആരാന്റെ പെൻസിൽ, അമ്മയുടെ സ്നേഹം, പക്ഷികളുടെ സംഗീതം, പെങ്ങളുടെ വിവാഹം, നിങ്ങളുടെ ആഗ്രഹം, മകളുടെ ആഭരണം – ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങൾ. ഇതിനു കാരകബന്ധമില്ല. അതായത് ഏതെങ്കിലും നാമത്തോട് ചേർന്നുവരുമ്പോൾ ഈ പ്രത്യയം തൊട്ടടുത്തുള്ള മറ്റൊരു നാമത്തോടുള്ള ബന്ധംമാത്രമാണു കാണിക്കുന്നത്. (ഉടെ എന്ന പ്രത്യയം നകാരാന്തമായ പദങ്ങളോടു ചേരുമ്പോൾ ന്റെ എന്നാകും. അച്ഛൻ +ഉടെ=അച്ഛന്റെ, കൃഷ്ണൻ+ഉടെ=കൃഷ്ണന്റെ എന്നിങ്ങനെ) ഇതുകൂടാതെ ൻ എന്ന പ്രത്യയവും സംബന്ധികാർത്ഥത്തെ കുറിക്കാൻ ചേർക്കാറുണ്ട്. അതിൻ, ഇതിൻ, മാനത്തിൻ, വെള്ളത്തിൻ ഇതൊക്കെ ഇങ്ങനെയുള്ള പ്രയോഗങ്ങളാണ്.


9. കണക്കിൽപ്പെട്ടിട്ടില്ല എങ്കിലും സംബോധന/സംബോധിക എന്നൊരു വിഭക്തികൂടി ഉണ്ട്. നിർദ്ദേശികയുടെ വകഭേദമായിട്ടാണ് ഇതിനെ സംസ്കുതത്തിൽ ഗണിച്ചിരിക്കുന്നത്. നാമാന്ത്യത്തിൽ ഏ എന്ന നിപാതം ചേർത്ത് നീട്ടിയാൽ ഈ രൂപം സിദ്ധിക്കും. നാമം സ്വരത്തിലാണ് അവസാനിക്കുന്നതെങ്കിൽ ആ സ്വരം നീട്ടിയാലും മതി.


അ എന്ന സ്വരാന്തനാമങ്ങളിൽ സംബോധന വരണമെങ്കിൽ നിർദ്ദേശികാരൂപത്തിനോട് ഏ എന്ന നിപാതം ചേർത്ത് നീട്ടിയാൽ മതി. ഉദാ: ഹേമ – ഹേമേ, വിമല -വിമലേ, അമ്മ – അമ്മേ, സീമ – സീമേ – എന്നൊക്കെ.
കൈമൾ, മകൾ എന്നിവരെ കൈമളേ, മകളേ എന്നു നീട്ടിവിളിക്കണം.
സംവൃതോകാരത്തിൽ അവസാനിക്കുന്ന പേരുകളും ഏ ചേർത്താണു സംബോധന. കുഞ്ഞ് – കുഞ്ഞേ, കൊച്ച് – കൊച്ചേ.
(ഇവിടെ പ്രത്യേകം ഓർക്കണം ; പ്രതിഗ്രാഹികാപ്രത്യയം എ എന്നാണ്. അതു സംബോധനയ്ക്ക് ഉപയോഗിക്കരുത്. പലരും ഏ എന്നു നീട്ടാതെയാണു സംബോധന എഴുതുന്നത്)
ൻ അവസാനിക്കുന്ന പേരുകൾ ൻ മാറ്റി ആ ചേർത്തുവിളിക്കണം. അച്ഛൻ – അച്ഛാ, കുട്ടൻ – കുട്ടാ, പൊട്ടൻ – പൊട്ടാ, ഏട്ടൻ – ഏട്ടാ, സോമൻ – സോമാ, അമ്മാവൻ – അമ്മാവാ ഇങ്ങനെയൊക്കെ.
(കൊല്ലൻ, കമ്മാളൻ, വേലൻ തുടങ്ങിയവരെ കൊല്ലാ, കമ്മാളാ, വേലാ എന്നൊക്കെ വിളിക്കുമ്പോൾ തട്ടാൻ, മണ്ണാൻ, കരുവാൻ – ഇവരെയൊക്കെ വിളിക്കുന്നത് തട്ടാ, മണ്ണാ, കരുവാ എന്നൊക്കെയല്ല ; തട്ടാനേ, മണ്ണാനേ, കരുവാനേ എന്നൊക്കെയാണ്. അതായത് ദീർഗ്ഘത്തിൽ അവസാനിക്കുന്നുവെങ്കിൽ ഏതന്നെ ചേർക്കണം.)
നായർ, വാര്യർ, നമ്പ്യാർ തുടങ്ങിയവരെയും നായരേ, വാര്യരേ, നമ്പ്യാരേ എന്നൊക്കെ നീട്ടിയാണ് വിളിക്കേണ്ടത്.


ഉ എന്ന സ്വരത്തിൽ അവസാനിക്കുന്നുവെങ്കിൽ ഊ എന്നു നീട്ടിയാൽ സംബോധനയായി. ശങ്കു – ശങ്കൂ, രാമു – രാമൂ, നീതു – നീതു, കേളു – കേളൂ.
ഇകാരത്തിൽ അവസാനിക്കുന്നതും നീട്ടിയാൽ സംബോധനയായി. പട്ടി – പട്ടീ, കുട്ടി – കുട്ടീ, ദേവി – ദേവീ, മാണി – മാണീ, സരോജിനി – സരോജിനീ, കുമാരി – കുമാരീ.
ഇതൊക്കെയാണെങ്കിലും ഒരു പ്രത്യയം ഒരു ധർമ്മം മാത്രമേ ചെയ്യുന്നുള്ളൂ എന്നു പറയാൻ സാധിക്കില്ല. ഒരേ പ്രത്യയംതന്നെ പല അർത്ഥങ്ങൾ ദ്യോതിപ്പിക്കാം. ഒരു വിഭക്തിപ്രത്യയം ചേർത്താൽ ഒരർത്ഥം മാത്രമേ വരൂ എന്നാണു ഭാഷയിലെ തത്ത്വം. എന്നാൽ ഒരേ പ്രത്യയംതന്നെ വിവിധ അർത്ഥം ധ്വനിപ്പിക്കുന്ന പ്രയോഗങ്ങളുമുണ്ട്. ചില സ്ഥലത്ത് ഒന്നോ രണ്ടോ പ്രത്യയങ്ങൾ പ്രയോഗിക്കാനും സാധിക്കും.
ഉദാ: രണ്ടിലൊന്ന് എന്നതിൽ ഇൽ എന്ന പ്രത്യയമാണ് – ആധാരിക. എന്നാൽ രാണ്ടാലൊന്ന് എന്നതിൽ ആൽ എന്ന പ്രത്യയം – പ്രയോജിക.
കവികൾ ഈ പ്രത്യയങ്ങൾ നാമത്തോടു തൻ എന്ന സർവ്വനാമം ഘടിപ്പിച്ചശേഷം അതിന്റെ പിന്നാലെയാണ് ചേർക്കാറുള്ളത്. അമ്മതൻ വാത്സല്യം, മക്കൾതൻ കൗശലം, അമ്മതന്നെ, അമ്മതന്റെ – ഇതൊക്കെ ഉദാഹരണങ്ങൾ.
മുകളിലോട്ട് (മുകൾ +ഇൽ+ഓട്) താഴത്തോട്ട് (താഴ+അത്ത്+ഓട്), കുളത്തിലോട്ട് (കുള+അത്ത്+ഇൽ+ഓട്), വഴിയിലേക്ക് (വഴി+ഇൽ+ഏ+ക്ക്) ഇങ്ങനെ ഒന്നിലേറെ വിഭക്തിപ്രത്യയങ്ങൾ ചേർത്തും പ്രയോഗമുണ്ട്. ഇതിനു കൂട്ടുവിഭക്തികൾ എന്നാണു പറയുന്നത്.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )