Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 ഭേദകം 

നാമത്തിനെയോ ക്രിയയെയോ ഭേദിപ്പിക്കുന്ന (വിശേഷിപ്പിക്കുന്ന) പദങ്ങളെയാണു ഭേദകം എന്നു പറയുന്നത്.  

നാമത്തെ വിശേഷിപ്പിക്കുന്ന പദങ്ങൾ നാമവിശേഷണം,

ക്രിയയെ വിശേഷിപ്പിക്കുന്ന പദങ്ങൾ ക്രിയാവിശേഷണം,

വിശേഷണത്തെ വിശേഷിപ്പിക്കുന്നതു വിശേഷണവിശേഷണം (ഗുണവിശേഷണം).

നാമവിശേഷണം നാമത്തിന്റെ അർത്ഥത്തെയും, ക്രിയാവിശേഷണം ക്രിയയുടെ അർത്ഥത്തെയും, വിശേഷണവിശേഷണം നാമവിശേഷണത്തിന്റെയും ക്രിയാവിശേഷണത്തിന്റെയും അർത്ഥത്തെയും ഭേദിപ്പിക്കുന്നു.

വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തിനെ വിശേഷണം എന്നും വിശേഷിപ്പിക്കപ്പെടുന്ന പദത്തിനെ വിശേഷ്യം എന്നും പറയുന്നു.


എന്തിന്റെയെങ്കിലും പ്രത്യേക ഗണത്തെ കാണിക്കുന്നതാണ് ഭേദകം – ഭേദകത്തിൽ വിശേഷ്യ o, വിശേഷണം എന്നീ രണ്ടു ഘടകങ്ങൾ ഉണ്ട്. വിശേ ഷ്യം നാമമോ ക്രിയയോ വിശേഷണമോ ആകാം


ഉദാ: ചുവന്ന പൂവ് എന്നതിൽ ചുവന്ന എന്നത് വിശേഷണവും പൂവ് എന്നത് വിശേഷ്യവും ആണ്. അതായത് എന്തി. നെ വിശേഷിപ്പിക്കുന്നുവോ അത് വിശേഷ്യം. എന്തു കൊണ്ട് വിശേഷി പ്പിക്കുന്നു വോ അത് വിശേഷണം

ഇത് മൂന്ന് വിധുണ്ട്

  1.  നാമവിശേഷണം
  2.   ക്രിയാവിശേഷണം
  3.  വിശേഷണ വിശേഷണം

 

7 തരത്തിൽ ഭേദകങ്ങൾ പ്രയോഗിക്കാറുണ്ട്.


1 ) ശുദ്ധഭേദകം : വിശേഷ്യമായ നാമത്തോടു ചേർന്ന് പ്രകൃതിരൂപമായിട്ടാണ് ഇതു നില്ക്കുന്നത്. വിശേഷ്യവും വിശേഷണവും ഒറ്റപ്പദമായി എഴുതണം.
പ്രകൃതി നാമം സിദ്ധരൂപം
വാർ കുഴൽ വാർകുഴൽ (ഭംഗിയുള്ള മുടി)
കാർ മേഘം കാർമേഘം
ചെം മാനം ചെമ്മാനം
തിരു ഓണം തിരുവോണം
തിരു ഉള്ളം തിരുവുള്ളം
ചെറു പയർ ചെറുപയർ
വൻ കുടൽ വൻകുടൽ
മൺ കുടം മൺകുടം
തൂ മഞ്ഞ് തൂമഞ്ഞ്
നറു മണം നറുമണം


2 ) സാർവ്വനാമികഭേദകം : ഇതിൽ ഒരു സർവ്വനാമമാണ് ഭേദകമായി വരുന്നത്.
സർവ്വനാമം നാമം സിദ്ധരൂപം
അ കാലം അക്കാലം
ആ ആൾ അയാൾ
ഇ മട്ട് ഇമ്മട്ട്
എ ദിക്ക് എദ്ദിക്ക്
ഈ വക ഈവക
ഏത് അവൻ എതവൻ
മറ്റു ഉള്ളവ മറ്റുള്ളവ
ഇന്ന ആൾ ഇന്നയാൾ
വല്ല അവരും വല്ലവരും
പല മനുഷ്യർ പലമനുഷ്യർ
ചില കാര്യം ചിലകാര്യം
വേറെ പുസ്തകം വേറെപുസ്തകം
മിക്ക ദിവസവും മിക്കദിവസവും
എല്ലാ വർഷവും എല്ലാവർഷവും


3) സാംഖ്യഭേദകം : ഇതു പേരു സൂചിപ്പിക്കുന്നതുപോലെ ഒരു സംഖ്യയാണ്. ശുദ്ധഭേദകംപോലെ വിശേഷ്യത്തോടു ചേർന്നുനില്ക്കും.


സാംഖ്യഭേദകങ്ങളെ പാണിനി ഒരു സൂത്രത്തിൽ നിബന്ധിച്ചിരിക്കുന്നതു ഇങ്ങനെയാണ് : 1- ഒരു, 2 – ഇരു, 3 – മു, 4 – നാൽ, 5 – ഐ, 6 – അറു, 7 – എഴു, 8 – എൺ, 10 – പതു (9 നു മാത്രം ഇല്ല)


1 – ഒരുപ്പൂനിലം, ഒറ്റക്കൊമ്പൻ, ഒറ്റക്കണ്ണൻ,

2 – ഇരുതലയൻ, ഇരുപ്പൂനിലം, ഇരുമെയ്യു, ഇരുപത്, ഇരട്ടിപ്പ്, ഇരട്ടകൾ,

3 – മുപ്പല്ലി, മുക്കണ്ണൻ, മുക്കോൺ, മുക്കൂട്ട്,

4 – നാന്മുഖൻ, നാലുകെട്ട്, നാലമ്പലം, നാലകം,

5 – ഐവർ, ഐവിരൽ, ഐങ്കോൺ (Pentagon) ഐങ്കമ്മാളർ (ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, കല്ലാശാരി)

6 – അറുമുഖൻ, അറുനൂറ്, ആറുതിങ്ങൾപ്പയർ (ആറുമാസം നിലനില്ക്കുന്ന പയർ) അറുപത്തുനാലിക്കാർ (സുറിയാനിക്രിസ്ത്യാനികൾ)

7 – ഏഴുനില, എഴുകോൺ, ഏഴുമല 8 – എൺകണ്ണൻ (ബ്രഹ്മാവ്) എൺകോണം 10 – എഴുപതിനായിരം (എഴുപത്+ഇൻ+ആയിരം) തുടങ്ങിയവ.


ഇതിലെ ഒരു എന്നതിന് ഓരു എന്നും പ്രയോഗമുണ്ട്. ഓരോ, ഓരോരോ, ഓരിഴത്തോർത്ത് എന്നിവ. ഇരു എന്നതിന് ഈര് എന്നും പ്രയോഗമുണ്ട്. ഈരേഴ്, ഈരണ്ട്, മുതലായവ.


4) സംഖ്യാഭേദകം : ഇതു സംഖ്യ അങ്ങനെതന്നെ വിശേഷണമായി ഉപയോഗിക്കുന്നു.

ഒരു കുട്ടി, രണ്ടു മനുഷ്യർ, മൂന്നു സ്ത്രീകൾ, നാലു പുരുഷന്മാർ എന്നിങ്ങനെ. (ഇതിൽ വന്നിരിക്കുന്ന ഒരു എന്നതു ഒന്നിന്റെ വിശേഷണരൂപമാമാകുന്നതുകൊണ്ടാണ്. ഒന്നു കുട്ടി എന്നു പറയാറില്ല. ഒറ്റ എന്നതും ഒന്നിന്റെ വിശേഷണരൂപമാണ്. ഒരു, ഇരു ഇതൊക്കെ സാംഖ്യമായും സാർവ്വനാമികമായും വരും.

ഒരുമനുഷ്യൻ, ഒറ്റമനുഷ്യൻ, ഒരാളും, ഒരൊറ്റയാളും എന്നൊക്കെ പറയുമ്പോൾ അതു സാംഖ്യമാണ്. വന്നോരു പൂരുഷൻ, ചെയ്തോരു മാനവൻ, കണ്ടോരു ദൈത്യാരി ഇതൊക്കെ ഒരാൾ എന്ന അർത്ഥത്തിലല്ല, പ്രത്യുത; സാർവ്വനാമികഭേദകമായി പ്രയോഗിക്കുന്നതാണ്)


5) പാരിമാണികഭേദകം : പരിമാണം അഥവാ അളവിനെ കാണിക്കുന്ന വിശേഷണമാണ് ഇത്.

എത്ര ദൂരം, എത്ര രൂപ, ഇത്ര നേരം, അത്ര പോരാ, നാലു നാഴി, ഒരിടങ്ങഴി, പത്തു പറ ഇതൊക്കെ ഇങ്ങനെ വരുന്നവയാണ്.


6) വിഭാവകഭേദകം : ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ആകാരത്തെയോ ഗുണത്തെയോ സ്വഭാവത്തെയോ കുറിക്കുന്ന വിശേഷണമാണിത്. ഇതിൽ ലിംഗഭേദമനുസരിച്ചു മാറ്റം വരുത്തണം.

നാമത്തിന്റെയും ഭേദകത്തിന്റെയും ഇടയ്ക്ക് ചിലപ്പോൾ “ആയ” എന്ന ദ്യോതകം ചേർക്കണം. (നാമവും കൃതിയും ദുഷിച്ചുണ്ടായ, പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലാത്ത, വാക്കുകളാണു ദ്യോതകം. അവയെക്കുറിച്ച് പിന്നീടു പറയാം)

പുല്ലിംഗം:-

സുന്ദരപുരുഷൻ, ആരോഗ്യശ്രീമാൻ, കള്ളക്കാമുകൻ, ആരോഗദൃഢഗാത്രൻ, ചപ്രത്തലയൻ, മിടുക്കനായ കുട്ടി, മടിയനായ നായ, ശല്യക്കാരനായ വ്യവഹാരി, ആരോഗ്യവാനായ പുരുഷൻ 

 

സ്ത്രീലിംഗം:-


സുന്ദരിക്കുട്ടി, കള്ളിപ്പൂച്ച, ഓമനപ്പെൺകിടാവ്, തടിച്ചിപ്പെണ്ണ്, മടിച്ചിപ്പാറു, സുന്ദരിയായ സ്ത്രീ, തടിച്ചിയായ പെൺകുട്ടി, മടിച്ചിയായ മകൾ, മുടന്തിയായ ഭിക്ഷക്കാരി 

നപുംസകം :-


ഓമനപ്പൂച്ച, വെള്ളിനിലാവ്, വെള്ളിമൂങ്ങ, ശംഖുവരയൻ, ഉയർന്ന കുന്ന്, നീലമേഘം, തണുത്ത ജലം, വിപ്ലവകാരിയായ നേതാവ്, ഭീകരമായ സംഭവം, ഗംഭീരമായ പ്രകടനം, ഉജ്ജ്വലമായ പ്രസംഗംഇവിടെയൊക്കെ ആണോ പെണ്ണോ എന്ന വേർതിരിവു കാട്ടേണ്ട ആവശ്യമില്ല.  


ക്രിയാവിശേഷണമായി വരുമ്പോൾ ആയി എന്നാണു ചേർക്കേണ്ടത്. അസ്സലായി പാടി, ഭംഗിയായി അവതരിപ്പിച്ചു, കേമമായി നടത്തി, നിന്ദ്യമായി സംസാരിച്ചു, അനർഗ്ഗളമായി പ്രസംഗിച്ചു – ഇതൊക്കെ ഇങ്ങനെ വരുന്ന പ്രയോഗങ്ങൾ. ഇങ്ങനെ “ആയ” ഉപയോഗിച്ച് നാമവിശേഷണങ്ങൾ ആക്കുന്ന പദങ്ങളെ ആയി ചേർത്ത് ക്രിയാവിശേഷണങ്ങളാക്കാം.
ഉദാ: ധീരമായ പോരാട്ടം – ധീരമായി പോരാടി, മാന്യമായ പെരുമാറ്റം – മാന്യമായി പെരുമാറി, ചിട്ടയായ ധ്യാനം – ചിട്ടയായി ധ്യാനിച്ചു, ഗംഭീരമായ പ്രസംഗം – ഗംഭീരമായി പ്രസംഗിച്ചു – ഇതൊക്കെ ഇങ്ങനെ മാറ്റാം.
നടക്കുന്ന മൃഗം, ഓടുന്ന കുട്ടി, ചലിക്കുന്ന വാഹനം – ഇങ്ങനെ ക്രിയാപദങ്ങൾകൊണ്ടുണ്ടാക്കുന്ന വിശേഷണങ്ങളുടെ കൂടെ “ആയ” എന്നു ചേർക്കാൻ പാടില്ല. അതുപോലെ ഒഴുകുന്ന വെള്ളം, കത്തുന്ന തീയ്, ചുവക്കുന്ന മാനം, ഇരുളുന്ന സന്ധ്യ, മറയുന്ന സൂര്യൻ എന്നിങ്ങനെ ഗുണവാചിയായ പദങ്ങൾകൊണ്ടു വിശേഷങ്ങൾ ചമയ്ക്കുമ്പോഴും അതിന്റെ കൂടെ “ആയ” പ്രയോഗിക്കാൻ പാടില്ല. (ചില പ്രസംഗകർ അവരുടെ ഭാഷ വളരെ ഗംഭീരമാണെന്നു കേൾവിക്കാർക്കു തോന്നാൻവേണ്ടി, നടക്കുന്നതായിട്ടുള്ള, ചലിക്കുന്നതായിട്ടുള്ള എന്നൊക്കെ രണ്ടും മൂന്നും ഭേദകങ്ങൾ ചേർക്കാറുണ്ട്.)


7) നാമാംഗജഭേദകം : പേരെച്ചം അഥവാ നാമവിശേഷണംതന്നെ ഭേദകമായി വരുന്നതിനെയാണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്.


ഉദാ: കറുത്ത പൊട്ട്, വെളുത്ത പശു, വലിയ വീട്, മുടന്തൻ താറാവ്, വലിയച്ഛൻ, പേരമ്മ, പോറ്റമ്മ, പെറ്റമ്മ, കഴിഞ്ഞ വർഷം, തടിപ്പാലം, ഓടാത്ത വണ്ടി ഇതൊക്കെ ഇങ്ങനെ വരുന്ന ഭേദകങ്ങളാണ്.
വളരെ അലസനായ കുട്ടി, നന്നേ ചെറുതായ പട്ടി, ഏറ്റവും ചെറിയ പേന, ഏറ്റവും വലിയ ജീവി, തീരെച്ചെറിയ പെൻസിൽ, (ഇവിടെയൊക്കെ നാമവിശേഷണത്തെ വീണ്ടും വിശേഷിപ്പിക്കുന്നു. )


8) ക്രിയാംഗാജഭേദകം : വിനയെച്ചം അഥവാ ക്രിയാവിശേഷണം തന്നെയാണ് ഇത്. ഇതു ക്രിയാവിശേഷണമായും ഭേദകവിശേഷണമായും (വിശേഷണവിശേഷണം) വരും.

ഉദാ: ഓടിപ്പോയി, ചാടിപ്പോയി, തുള്ളിപ്പോയി, ചാടിപ്പുറപ്പെട്ടു, എറിഞ്ഞുവീഴ്ത്തി, അടിച്ചുവീഴ്ത്തി, നടന്നുനീങ്ങി, ഇഴഞ്ഞുപോയി, കടിച്ചുപറിച്ചു, കടിച്ചെടുത്തു ഇതൊക്കെ ഇങ്ങനെ വരുന്ന ക്രിയാവിശേഷണം. ഇതിലൊക്കെ ആദ്യത്തെ വാക്കുകളാണ് ഭേദകം.
വളരെപ്പതുക്കെപ്പറഞ്ഞു, ഏറ്റവും ഉച്ചത്തിൽ അലറി, വളരെ ഉറക്കെ കരഞ്ഞു, ഏറ്റവും ദീനമായി വിലപിച്ചു, അമർത്തിപ്പിടിച്ചെഴുതി, തള്ളിക്കയറിച്ചെന്നു – ഇവിടെയൊക്കെ അവസാനത്തെ വാക്ക് ക്രിയ. അതിനു തൊട്ടുമുന്നിൽ ക്രിയാവിശേഷണം, ആദ്യത്തെ വാക്ക് വിശേഷണവിശേഷണം.


i) ഉപസർഗ്ഗഭേദകം : സംസ്കൃതത്തിൽ ക്രിയാധാതുക്കളുടെ മുന്നിൽ അതിന്റെ അർത്ഥം പരിഷ്കരിക്കുവാൻ ചേർക്കുന്ന ചില സൂത്രങ്ങളാണ് ഉപസർഗ്ഗം. അതു വഴിയേ പറയാം. ഉദാ: അതിക്രമം, ഉപഹാരം, ഉദ്ധാരണം, സമാഹാരം, അഭിവാദനം, അപവാദം, പ്രഹരം, സത്കർമ്മം തുടങ്ങിയവ.


j) ചില വാക്കുകളിൽ ലിംഗപ്രത്യയങ്ങളോ ലിംഗഭേദം വ്യക്തമാക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദങ്ങളോ വാക്കുകളുടെ ഭേദകമായി വരാറുണ്ട്. ഉദാ: വനിതാപ്രസിദ്ധീകരണം, പെണ്ണെഴുത്ത്, വനിതാരംഗം, പെൺപള്ളിക്കൂടം, ആൺപള്ളിക്കൂടം, ആൺപക്ഷി, പെൺപക്ഷി, പൂവൻകോഴി, പിടക്കോഴി ഇതൊക്കെ ഇങ്ങനെ വരുന്ന ഭേദകങ്ങളാണ്.

ഭേദകപ്രയോഗം :


കഴിവതും വിശേഷ്യങ്ങളുടെ തൊട്ടുമുന്നിൽത്തന്നെ വിശേഷണങ്ങൾ ഉപയോഗിച്ചിരിക്കണം. അപൂർവ്വം ചില സമയത്ത് അല്ലാതെയും വരും. വിശേഷണവിശേഷ്യങ്ങൾ ശരിയായ സ്ഥാനത്തല്ലെങ്കിൽ അനർത്ഥമുണ്ടാകും.


ഗർഭിണിയായ പോലീസുകാരന്റെ ഭാര്യ എന്നെഴുതിയാൽ പോലീസുകാരനാണ് ഗർഭിണി. (പോലീസുകാരന്റെ ഗർഭിണിയായ ഭാര്യ) സുന്ദരിയായ അവന്റെ ഭാര്യ എന്നെഴുതുമ്പോഴും ഇതുതന്നെ കുഴപ്പം. പട്ടാളക്കാരനായ ദേവകിയുടെ മകന്‍ എന്നെഴുതിയാല്‍ ദേവകിയാണു പട്ടാളക്കാരന്‍.

കൃഷ്ണന്റെ കുഴിയിൽ വീണ പശു എന്നെഴുതിയാൽ കിട്ടുന്ന അർത്ഥമല്ല കുഴിയിൽ വീണ കൃഷ്ണന്റെ പശു എന്നെഴുതിയാൽ. കാലൊടിഞ്ഞ സാറിന്റെ കസേര എന്നെഴുതിയാൽ സാറിന്റെ കാലാണ് ഒടിഞ്ഞത്. സാറിന്റെ കാലൊടിഞ്ഞ കസേര എന്നെഴുതിയാൽ ആദ്യം എഴുതിയതുമായി ഒരു ബന്ധവുമില്ല. വിശേഷണങ്ങളൊക്കെ തന്മയത്വമായി ഉപയോഗിക്കണം. ആവശ്യമില്ലാത്ത സ്ഥലങ്ങളിലോ അസ്ഥാനത്തോ ഉപയോഗിച്ചാൽ അനർത്ഥമാകും.


അവൻ സമർത്ഥനാണ് എന്നു പറഞ്ഞാൽ അതൊരു വെറും പ്രസ്താവന. സമർത്ഥനാണവൻ എന്നു പറഞ്ഞാൽ വക്താവിന്‌ അവന്റെ സാമർത്ഥ്യത്തെക്കുറിച്ചു വ്യക്തിപരമായ അറിവുണ്ട് എന്നാണ്. അവനാണു സമർത്ഥൻ – എന്നു പറഞ്ഞാൽ പലർ ഉള്ളതിൽ ആ ഒരു പ്രത്യേക വ്യക്തിയാണ് സാമർത്ഥ്യം കാണിച്ചിത് എന്നാണ്. ഇങ്ങനെ ഓരോ പദത്തിനും ഊന്നൽകൊടുത്ത് പ്രയോഗിക്കേണ്ടിവരുമ്പോൾ തിരിച്ചും മറിച്ചുമൊക്കെ പ്രയോഗം വരാം.
ഒരേ വിശേഷണംതന്നെ പല നാമങ്ങളോടും ചേർത്തുപയോഗിക്കാം. അപ്പോൾ നാമങ്ങളോട് ഉം, ഓ എന്നീ പ്രത്യയങ്ങൾ ചേർക്കണം.


ഉദാ: മടിയന്മാരായ തൊഴിലാളികളെയും നേതാക്കന്മാരെയും ഒഴിവാക്കണം,
ഉപദ്രവകാരികളായ നായ്ക്കളെയും വന്യമൃഗങ്ങളെയും കൊല്ലണം,
അഴിമതിക്കാരായ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും തുറുങ്കിലടയ്ക്കണം,
സമർത്ഥനായ രാജുവും സമർത്ഥനായ വേണുവും ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചു. ഇതു തമ്മിൽ യോജിപ്പിച്ചാൽ സമർത്ഥരായ രാജുവും വേണുവും ഒന്നാം സഥാനത്തിനു വേണ്ടി മത്സരിച്ചു എന്നാക്കാം.
തണുത്തുവിറച്ചുവരുമ്പോൾ ചൂടുള്ള എന്തെങ്കിലും കുടിക്കാൻ നാം ആഗ്രഹിക്കും. ചായക്കടയിൽ കയറി ഇങ്ങനെ പറയും : ” ഒരു ചൂടു ചായയോ കാപ്പിയോ വേണം.” ഇവിടെ ഒരു എന്ന വിശേഷണം ചായയ്ക്കും കാപ്പിക്കും പൊതുവേ ഉള്ളതാണ്.


ബസ്സിൽ ഇടികൊണ്ടു പൊറുതിമുട്ടുമ്പോൾ നാം ആരോടെന്നില്ലാതെ ഇങ്ങനെ പറയും : ” ഒരു ബൈക്കോ കാറോ ഉണ്ടായിരുന്നെങ്കിൽ ഈ ഇടി കൊള്ളേണ്ട കാര്യമില്ലായിരുന്നു”
പുതിയ വീടു വച്ചു താമസമാരംഭിക്കുമ്പോൾ നാം വിചാരിക്കും : ” പുതിയ കട്ടിലോ മേശയോ കസേരയോ ഒക്കെ വാങ്ങാമായിരുന്നു” (പുതിയ എന്ന വിശേഷണം എല്ലാറ്റിനുംകൂടി ഉള്ളതാണ്)
ഇങ്ങനെയൊക്കെയാണ് ഈ പ്രയോഗങ്ങൾ.


ഒന്നിലധികം വിശേഷണങ്ങൾ ഒരേ വാക്യത്തിൽ വരുമ്പോഴും അതൊക്കെ “ഉം” എന്നും അവസാനത്തെ വിശേഷണത്തിന്റെകൂടെ “ആയ” എന്നോ “ആണ്” എന്നോ ഘടിപ്പിച്ചെഴുതണം.

മോഹൻലാൽ നടനും ഗായകനും അഭ്യാസിയും നർത്തകനുമാണ്.
(മോഹൻലാൽ, നടനും ഗായകനും അഭ്യാസിയുമായ ഒരു നർത്തകനാണ്. നടനായ മോഹൻലാൽ ഗായകനും അഭ്യാസിയും നർത്തകനുംകൂടിയാണ്. നടനും ഗായകനും അഭ്യാസിയും നർത്തകനുമാണ് മോഹൻലാൽ. നടനും ഗായകനും അഭ്യാസിയുമായ മോഹൻലാൽ ഒരു നർത്തകൻകൂടിയാണ്.)
സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവരും വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവരുമാണ്.


ദരിദ്രരും അസംഘടിതരും വിദ്യാവിഹീനരുമായ (വിദ്യാവിഹീനരും +ആയ) ആളുകളെ പുനരധിവസിപ്പിക്കണം.


മിടുക്കരും ഉത്സാഹികളുമായ തൊഴിലാളികൾക്ക് അർഹമായ ഉദ്യോഗക്കയറ്റം നല്കണം.
ശ്രുതിശുദ്ധവും താളനിബദ്ധവും ലയസമ്പൂർണ്ണവുമായ കീർത്തനങ്ങളാണു ചെമ്പൈ ആലപിച്ചിരുന്നത്.
(ഉം ഉപയോഗിക്കുമ്പോൾ വാക്കുകളെ വേർതിരിക്കാൻ കോമ ഉപയോഗിക്കരുത്)

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )